2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

ഇങ്ങനെയുണ്ടോ ഒരു സെലെക്ഷന്‍

                               ഇങ്ങനെയുണ്ടോ ഒരു സെലെക്ഷന്‍ 
                                                           റിയാലിറ്റി ഷോയുടെ വരെ പുതുമ നശിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പാട്ടിനും ഡാന്‍സിനുമൊന്നും പഴയ പോലെ കാണികളില്ല.എസ്.എം.എസ്സും കുറവ്. ഇനിയെന്ത് വേണമെന്നു ചാനല്‍ അധികൃതര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.അപ്പോഴാണ്‌ പുതുമയാര്‍ന്നൊരു പരീക്ഷണവുമായി കൈരളി ടിവിയുടെ വരവ്-സീരിയല്‍ താരങ്ങളുടെ    റിയാലിറ്റി ഷോ.
                           തെക്ക് വടക്ക് നടക്കുന്നവരെ പിടിച്ച് താരങ്ങളാക്കുന്ന പരിപാടി വേണ്ടാ, പകരം ഇതിനോടകം താരങ്ങളായവരുടെ റിയാലിറ്റി ഷോ മതിയെന്ന് ചാനല്‍ അധികൃതരും തീരുമാനിച്ചതോടെ പുതിയ റിയാലിറ്റി ഷോ പിറന്നു. ആശയത്തെ അന്വര്‍ഥമാക്കുന്ന പേരും കിട്ടി-താരോത്സവം. കാള്‍ ഷീറ്റിനായി നിര്‍മാതാക്കള്‍ പുറകേ നടക്കുന്ന താരങ്ങള്‍, സാധാരണ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തുന്ന പുതുമുഖങ്ങളെപ്പോലെ അംഗീകാരം മാത്രം പ്രതീക്ഷിച്ച് മത്സരിക്കാനെത്തുമോ? എന്ന സംശയം അവിടെ നില്‍ക്കട്ടെ. ജൂനിയര്‍-സീനിയര്‍ വ്യത്യാസമില്ലാതെ സീരിയല്‍ താരങ്ങള്‍ കൈ-മെയ്‌ മറന്ന് ആട്ടവും പാട്ടും തുടങ്ങിയതോടെ പരിപാടി കൊഴുത്തു.കൈരളി ടിവിയിലെ നിലവാരമുള്ള ,കാണാന്‍ രസമുള്ളൊരു പരിപാടിയായി  താരോത്സവം മാറി.
                                റോഷന്‍ ആന്‍ഡ്രൂസ്,രേഖ,ജാസി ഗിഫ്റ്റ് എന്നിവരായിരുന്നു ഇതിലെ ആദ്യ വിധികര്‍ത്താക്കള്‍. മത്സരാര്‍ത്ഥിയായി വന്ന ഡിംപിള്‍ എന്ന താരത്തിന്ടെ പ്രകടനം ഇഷ്ടപ്പെട്ട് സംവിധായകന്‍ റോഷന്‍ആന്‍ഡ്രൂസ് കാസിനോവ എന്ന ചിത്രത്തിലേക്ക് ഡിംപിളിനെ തെരഞ്ഞെടുക്കുന്നത് വരെ നല്ല നിലവാരമുള്ള പരിപാടി തന്നെയായിരുന്നു   താരോത്സവം.പിന്നെന്തു സംഭവിച്ചു എന്നല്ലേ? പറയാം.
                        ഒരു സംവിധായകന്‍ താരത്തിന്ടെ പ്രകടനം ഇഷ്ടപ്പെട്ട് ചിത്രത്തിലേക്ക് ക്ഷണിക്കുന്നതില്‍ തെറ്റൊന്നുമില്ല. ആ കാര്യം പരിപാടിയില്‍ തന്നെ പ്രഖ്യാപിക്കുന്നതും ഏറെ സന്തോഷകരമാണ്. പക്ഷേ ഇവിടെ സംഭവിച്ചതതൊന്നുമല്ല. സംഗതി  പ്രഖ്യാപിച്ച ശേഷം  സംവിധായകന്‍ താരത്തെ വേദിയിലേക്ക് വിളിപ്പിക്കുന്നു. റോഷന്‍ആന്‍ഡ്രൂസിനെപ്പോലെ മികച്ചൊരു   സംവിധായകന്ടെ ചിത്രത്തില്‍  സഹകരിക്കാനുള്ള അവസരം ഡിംപിളിനെപ്പോലൊരു സീരിയല്‍ താരം സാധാരണ ഗതിയില്‍ നിരസിക്കില്ലെന്ന് ഉറപ്പാണ്. എന്നിട്ടും ചിത്രത്തിലഭിനയിക്കാന്‍ സമ്മതമാണോ? എന്നായിരുന്നു സംവിധായകന്ടെ ചോദ്യം. മറുപടി പ്രതീക്ഷിച്ചത് തന്നെ. കാര്യങ്ങളിവിടെയും തീര്‍ന്നില്ല. അടുത്തതായി താരത്തിന്ടെ അച്ഛനെ വിളിക്കുന്നു. ചോദ്യമാവര്‍ത്തിക്കുന്നു. അച്ഛനും പൂര്‍ണസമ്മതം. അടുത്തതായി അമ്മ,ചേട്ടന്‍ .....അങ്ങനെയങ്ങനെ  സമ്മതം വാങ്ങലെല്ലാം പൂര്‍ത്തിയായപ്പോള്‍ പിന്നെ സംവിധായകന്‍ പ്രതിഫലത്തിലേക്ക് കടന്നു. "  ഡിംപിളിന് ഡിമാന്ടൊന്നുമില്ലല്ലോ"?  സംവിധായകന്ടെ ചോദ്യവും അത് ചോദിക്കുവാനുണ്ടായ കാരണം വിശദീകരിക്കലും കഴിഞ്ഞപ്പോള്‍ "ഇല്ല" എന്ന സ്വാഭാവികമായ മറുപടി തന്നെ താരം നല്‍കി. ഇതെല്ലം കഴിഞ്ഞപ്പോള്‍ പരിപാടിയുടെ പ്രൊഡ്യൂസറോടും മറ്റും  ഡിംപിള്‍ അഭിനയിക്കാനുള്ള അനുവാദം ചോദിക്കുന്ന ചടങ്ങായി. അങ്ങനെ എഗ്രിമേന്ടില്‍ ഒപ്പിടുന്നതൊഴിച്ചുള്ളകാര്യങ്ങളെല്ലാം ലോകം മുഴുവന്‍ സംപ്രേഷണം  ചെയ്താണ് പരിപാടി അവസാനിച്ചത്‌. 
                        പൂര്‍ണമായും ക്യാമറക്ക്പുറകില്‍ നടക്കേണ്ടുന്ന ഇത്തരം കാര്യങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതിലൂടെ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്താണ് ഉദ്ദേശിച്ചത്? ഇത്തരം പ്രഖ്യാപനങ്ങള്‍ വെറും വാഗ്ദാനങ്ങളല്ലെന്ന് തെളിയിക്കുകയോ? അതാണ്‌ ഉദ്ദേശിച്ചതെങ്കില്‍  കാസിനോവ ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ അത് തെളിയുമായിരുന്നു. എന്നിട്ടും ഇത്തരത്തിലൊരു സെലെക്ഷന്‍ മഹാമഹം കാണിച്ചത് തികച്ചും അരോചകമായി. മലയാളിക്ക് മികച്ച മൂന്നു ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ റോഷന്‍ആന്‍ഡ്രൂസ് ഇത്തരത്തിലൊരു  'സെലെക്ഷന്‍ ഷോ' നടത്തേണ്ട ആവശ്യമില്ലായിരുന്നു.മറ്റു മത്സരാര്‍ധികളെയും കാണികളെയും നോക്കുകുത്തികളാക്കികൊണ്ടുള്ള ഈ   സെലെക്ഷന്‍ ഷോയെ പൊങ്ങച്ചം എന്ന് തന്നെ വിശേഷിപ്പിക്കെണ്ടിയിരിക്കുന്നു. ഇനി  ഡിംപിളിന്ടെ മുഖത്ത് ഫസ്റ്റ് ക്ലാപ്പടിക്കുന്നതും അഭിനയിക്കുന്നതും   പ്രതിഫലം വാങ്ങുന്നതും കൂടി കാണിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.
                                 കാസിനോവയുടെ ചിത്രീകരണത്തിനായി  റോഷന്‍ആന്‍ഡ്രൂസും ഡിംപിളും പോയതോടെ വിധികര്‍ത്താവായി സംവിധായകന്‍ ബ്ലെസി വന്നു. 11-10-2010ന് സംപ്രേഷണം ചെയ്ത ഭാഗത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടും, അദ്ദേഹം നായകനായി അഭിനയിക്കുന്ന 'ഫീമെയില്‍ ഉണ്ണികൃഷ്ണന്‍' എന്ന ചിത്രത്തിലേക്ക് മഹാലക്ഷ്മി എന്ന താരത്തെ നായികയായി തെരഞ്ഞെടുത്തിരുന്നു. ഏതായാലും അതിനാടകീയമായ ഈ തെരഞ്ഞെടുപ്പുമഹാമഹങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കൈരളി ടിവിയിലെ മികച്ചൊരു  റിയാലിറ്റി ഷോ എന്ന വിശേഷണത്തിനും താരോത്സവം യോഗ്യമാണ്.

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

ഭൂതത്താന്‍ കയറുന്ന മാധ്യമങ്ങള്‍

                                    ഭൂതത്താന്‍ കയറുന്ന മാധ്യമങ്ങള്‍
                                      സുഹൃത്തുക്കളെ, ഈ കഥ നടക്കുന്നത് തിരുവനന്തപുരത്തോ തൃക്കാക്കരയിലോ അല്ല. ഇന്ത്യന്‍ മാപ്പില്‍ നെഞ്ഞുവിരിച്ചു നില്‍ക്കുന്ന മുംബൈ, ഡല്‍ഹി, ബംഗ്ലൂര്‍, പൂനൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണ്. സെപ്റ്റംബര്‍ 21നു സുപ്രഭാതം പൊട്ടി വിരിഞ്ഞപ്പോള്‍ കണ്ണും തിരുമ്മി ടൈംസ്‌ ഓഫ് ഇന്ത്യ പത്രം കയ്യിലെടുത്ത ജനങ്ങള്‍ ഞെട്ടിപ്പോയി. അതാ കേള്‍ക്കുന്നു പത്രത്തിനുള്ളില്‍ നിന്നുമൊരശരീരി.
                       കൊഴിപ്പിടയിത് കൂവും കാലം 
                       പത്രത്തിന്നും ഭ്രാന്തു പിടിച്ചോ 
                       കൂടോത്രം പല വഴിയേ വന്നി-
                       ട്ടൊടുവില്‍ പത്രവുമായി ചേര്‍ന്നോ?
ഒരു നിമിഷം മനസ്സില്‍ ഇങ്ങനെ പറഞ്ഞു പോയെങ്കിലും അടുത്ത നിമിഷം ജനങ്ങള്‍ മനസ്സിലാക്കി. ഇത് പത്രത്തിന്‍റെ ഭ്രാന്തല്ല, പരസ്യത്തിന്‍റെ മായയാണ്. വിപണിയില്‍ എന്നും നൂറു കിലോമീറ്റര്‍ മുന്നിലോടുന്ന ഫോക്സ് വാഗനാണ് 
ടൈംസ്‌ ഓഫ് ഇന്ത്യയില്‍ ഈ മായ കാണിച്ചിരിക്കുന്നത്.  കണ്ണുതള്ളിപ്പോയ മുംബൈയിലെ നാണിസിംഗ് ഉടനടി ഡല്‍ഹിക്കാരി തങ്കമ്മ ചൌധരിയോട് വിളിച്ചു പറഞ്ഞു "എടിയേ, ഞ്ഞങ്ങള വീടിലെ പത്രത്തില് റേഡിയോ ഫിറ്റ്‌ ചെയ്തെട്യെ".  തങ്കമ്മ ചൌധരി ഉടന്‍ റിപ്ലെ ഫോര്‍വേഡ് ചെയ്തു. "ഇങ്ങള വീടില് മാത്രല്ലട്യെ, ഞ്ഞങ്ങള വീട്ടിലൂണ്ട്".
                      കത്തിപ്പടര്‍ന്നാ വാര്‍ത്തയപ്പോള്‍
                      കോരിത്തരിച്ചൂ ജനങ്ങളെല്ലാം
                      ഈരെഴുലകവും പതഞ്ഞുപോങ്ങി 
                      കേരളക്കരയിലും വാര്‍ത്തയെത്തി 
സംസാരിക്കുന്ന പത്രം അത്ഭുതമായി. വേറെ പണിയൊന്നുമില്ലാത്ത ചില പൌരപ്രമുഖന്മാര്‍ അതുകണ്ട് ചോദിച്ചു. ആരാണ്? ആരാണ് ഇതിനു പിന്നില്‍? അന്വേഷണം ഉത്തരം കൊണ്ടുവന്നു. ഭാസ്കര്‍ ദാസ്. പരസ്യതന്ത്രത്തിലെ പാഠ  ങ്ങളെല്ലാം കമ്പോടു കമ്പ് ഹൃദിസ്ഥമാക്കിയ ടൈംസിന്‍റെപരസ്യ വിഭാഗം  തലവന്‍ ഭാസ്കര്‍ ദാസാണ് പരസ്യ ചരിത്രത്തിലെ ഈ പുതിയ   പാഠം പഠിപ്പിച്ചിരിക്കുന്നത്.
                    മിണ്ടുന്ന ചിപ്പിനെ
                    പത്രതിലൊട്ടിച്ച
                    പരസ്യ ഭാവനേ
                    അഭിനന്ദനം നനക്കഭിനന്ദനം
                    അഭിനന്ദനം.......
മാലോകര്‍ മുഴുവന്‍ ആ മഹാനെ വാഴ്ത്തി. പക്ഷേ വെള്ളം കണ്ടിട്ടില്ലാത്ത ചില താടി-മുടി-ജുബ്ബ ധാരികള്‍ അടക്കം പറഞ്ഞു. മിണ്ടുന്ന പത്രമോ?പിന്നെന്തിനാണ് റേഡിയോ? പിന്നെന്തിനാണ് അക്ഷരങ്ങള്‍? എഴുതുന്നത്‌ വായിക്കാനല്ല കേള്‍ക്കാനാണെങ്കില്‍ പിന്നെന്തിനാണ് പത്രം?
                   അമ്മയെ തല്ലിയാല്‍ ന്യായം പറയുന്ന
                   നാട്ടിലിതും തര്‍ക്കവിഷയമായി
                   ചേരികള്‍ രണ്ടും അണിനിരന്നു
                   കാര്യം പരക്കെ ചര്‍ച്ചയായി
സംസാരിക്കുന്ന പത്രം ബഹുരസം തന്നെ. അത് കണ്ടെത്തിയ തലയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പക്ഷേ മാധ്യമവ്യതിചലനം എന്നൊന്ന് ഇവിടെ സംഭാവിക്കുന്നില്ലേ? അതായത് പത്രം സംസാരിക്കുകയും ഇനി ഭാവിയില്‍ റേഡിയോ ചിത്രം കാണിക്കുകയും ചെയ്‌താല്‍ ഈ മാധ്യമങ്ങളുടെ ആസ്തിത്വം നഷ്ടപ്പെടില്ലേ? 
                                       ഈ പരീക്ഷണം കത്തിപ്പിടിക്കുമെന്നുറപ്പാണ്.  നാളെയൊരു പുലരിയില്‍ വായനക്കാരനോട് കിന്നാരം പറഞ്ഞുകൊണ്ട് ഒരു മലയാളപത്രവും നമ്മുടെ പൂമുഖത്തേക്ക്‌ കയറി വരാം. പക്ഷേ ചെവിയിലൂടെ കാണുകയും കണ്ണിലൂടെ കേള്‍ക്കുകയും കയ്യിലൂടെ വായിക്കുകയും ചെയ്യുന്നത് നല്ലതാണോ? ഏതായാലും ജനങ്ങളെ ആകര്‍ഷിക്കുന്ന പുതുമ എന്നതിനപ്പുറം ടൈംസ്‌ ഓഫ് ഇന്ത്യയും ഫോക്സ് വാഗനും ഈ വിധത്തിലൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല  എന്ന  കാര്യം ഉറപ്പാണ്‌. ജനപ്രിയമായതെന്തിനെയും വിമര്‍ശിക്കുക എന്ന രീതിയും ശരിയല്ല. അപ്പോള്‍ സഹൃദയരേ, ഈ അവസരത്തില്‍ പറയാനുള്ളതിത്ര മാത്രം.
                          നാടകമുലകം ജീവിതം നടനം 
                          കാഴ്ച്ചകളിങ്ങനെയെത്ര കിടപ്പൂ 
                          നല്ലതു മാത്രം കൊള്ളുക നമ്മള്‍ 
                          നന്മകള്‍ മാത്രം ഉള്ളില്‍ നിറക്കുക  

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

കമിതാക്കളും ലാന്‍ഡ്‌ഫോണും

                             കമിതാക്കളും ലാന്‍ഡ്‌ഫോണും
                              25 വാക്കുകള്‍, ആയിരം മൂളല്‍, പതിനായിരം അടക്കിച്ചിരി - ശ്രീബാല .കെ. മേനോന്‍ രചിച്ച 19കനാല്‍റോഡ്‌ എന്ന  പുസ്തകത്തില്‍ ഫോണിലൂടെയുള്ള പ്രണയസല്ലാപത്തിനു കല്പിച്ചിരിക്കുന്ന അനുപാതമാണിത്. പരീക്ഷണനിരീക്ഷണങ്ങളിലൂടെ സംശയമുള്ളവര്‍ക്ക് ഈ അനുപാതം പരിശോധിച്ചറിയാവുന്നതാണ്. കാര്യമതല്ല. ഇവയെല്ലാം സാധ്യമാക്കുന്ന ഉപകരണമേതാണ്? ചോദ്യം കേള്‍ക്കുന്ന നിമിഷത്തില്‍ തന്നെ ജമ്പനും തുമ്പനും ചിത്രകഥയിലെപ്പോലെ ആരും ചാടിപ്പറഞ്ഞു പോകും - മൊബൈല്‍ ഫോണ്‍.
                                യുഗങ്ങളോളം നീളുന്ന 'കാള്‍ ഡ്യുറേഷന്‍', കേള്‍ക്കുന്നവര്‍ക്ക് സംസാരിക്കുകയാണോ അതോ അപസ്മാര ബാധയാല്‍ മുരളുകയാണോ എന്ന് തിരിച്ചറിയാനാവാത്ത സംഭാഷണശൈലി, കാമുകനോ കാമുകിയോ സംസാരിച്ചു നില്‍ക്കുന്ന സ്ഥലത്തിനരികിലുള്ള ചെടികള്‍ക്ക് മുഴുവന്‍ ഇലപൊഴിക്കുന്ന ശിശിരകാലം സമ്മാനിക്കുന്ന അവസ്ഥ- മലയാളിയുടെ പ്രണയത്തിന്‌ ഇപ്പറഞ്ഞ സ്വഭാവങ്ങളെല്ലാം നല്‍കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും അനുദിനം ചെറുതായിക്കൊണ്ടിരിക്കുന്ന മൊബൈല്‍ഫോണിനു സ്വന്തമാണ്. ഇടവഴിയിലും ബസ്സ്റ്റോപ്പിലും നെഞ്ഞിടിപ്പോടെയുള്ള കാത്തുനില്‍പ്പില്‍ നിന്നും, അക്ഷരമറിയാവുന്നവന് മാത്രം പരസഹായമില്ലാതെ നിവര്ത്തിക്കാന്‍ കഴിയുന്ന പ്രേമലേഖനമെഴുത്തില്‍  നിന്നും മലയാളിയെ മോചിപ്പിച്ചതും 'മാറാത്തതൊന്നേയുള്ളൂ മാറ്റം' എന്ന കാറല്‍ മാര്‍ക്സ്‌ വചനത്തിന്ടെ പ്രസക്തി വര്‍ധിപ്പിച്ചതും ഈ സന്ജാരസംവേദിനി തന്നെ.
                                                               എന്നാല്‍ മൊബൈല്‍ഫോണ്‍ സൃഷ്ടിച്ച വിപ്ലവകരമായ ഈ മാറ്റം എന്തുകൊണ്ട്‌ ലാന്‍ഡ്‌ഫോണിനു കഴിഞ്ഞില്ല? കേരളത്തെക്കുറിച്ചറിയാവുന്ന ഏതൊരാളുടെയും ഇതിനുള്ള ഉത്തരം ഒരു മറുചോദ്യമായിരിക്കും. നിങ്ങള്‍ ഈ നാട്ടിലോന്നുമല്ലേ ജീവിക്കുന്നത്? പക്ഷേ സംസാരിക്കുമ്പോള്‍ മൊബൈല്‍ഫോണിനേക്കാള്‍ പത്തിരട്ടി വ്യക്തത നല്‍കുന്നതാണ് ലാന്‍ഡ്‌ഫോണ്‍. എന്നാല്‍ പാശ്ചാത്തലം അനുകൂലമല്ലാതതിനാല്‍ കേരളത്തിലെ ഒരു കമിതാവിനും ആ സാധ്യത ഉപയോഗിക്കാനാവുന്നില്ല.സാഹചര്യം അനുകൂലമായിരുന്നെങ്കില്‍ ഇന്നും കമിതാക്കളുടെ
 ഇഷ്ട ആശയവിനിമയോപാധി ലാന്‍ഡ്‌ഫോണ്‍ ആകുമായിരുന്നു. എന്തൊരു ദുര്യോഗം?   

2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

o.n.v.kku oru ashamsageetham

              ഓ.എന്‍.വി.ക്ക്ഒരുആശംസാഗീതം
                 അക്ഷരക്കടല്‍ കടഞ്ഞു 
          കാവ്യത്തിന്‍ ഉപ്പു കുറുക്കി
          അമൃതാക്കിയത് മലയാളി തന്‍
          ചുണ്ടില്‍ ഇറ്റിച്ചു വീഴ്ത്തി
          അമ്മയായ് പെങ്ങളായ് കബൂളിവാലയായ്
          തീരാവസന്തം പകുത്തു നല്‍കി
          ചരമഗീതം രചിച്ചതു പിന്നെ കവിതയ്ക്കു
          സുകൃതഗീതം തന്നെയാക്കി മാറ്റി
          മുത്തുപതിപ്പിച്ച കണ്ണാടിയെങ്കിലും
          നേരിന്‍ നിഴല്‍ മാത്രമത് തെളിച്ചു
          ഒടുവില്‍ ജ്ഞാനത്തിന്റെ ഉത്തുംഗപീഠവും
          സംശയം കൂടാതെ തല കുനിച്ചു 
          പറയുവാനറിവില്ലയെങ്കിലും പറയട്ടെ 
          മുന്നില്‍ നമിക്കുന്നു ഞങ്ങള്‍ ഗുരോ    

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

mohanlalinu achanakan prayamayille?

മോഹന്‍ലാലിനു അച്ഛനാകാന്‍ പ്രായമായില്ലേ?
                                                              മാടംബിക്ക് ശേഷം സൂപര്‍ഹിറ്റ് എന്ന് പറയാന്‍ കഴിയുന്ന ഒരു മോഹന്‍ലാല്‍ ചിത്രം പിറന്നിരിക്കുന്നു-ശിക്കാര്‍. പടം പടച്ചതാകട്ടെ പരാജയക്കടല്‍ നീന്തിക്കടന്നു സംവിധായകന്‍ പദ്മകുമാരും. എല്ലാം നല്ലത് തന്നെ. ഏതോ ശത്രുവില്‍ നിന്നും രക്ഷപെടാന്‍ സ്വന്തം മകളുമൊത്ത് പരക്കം പായുന്ന അച്ഛന്ടെ കഥ എന്നാ ധാരണ വെച്ചാണ്‌ ചിത്രം കാണാന്‍ പോയത്. പടം സൂക്ഷിച്ചു കാണുമ്പോഴാണ് മനസ്സിലാകുന്നത് മകള്‍ ഇവിടെ യഥാര്‍ഥ മകളല്ല. മറിച്ച് മരിച്ചുപോയ ഏട്ടന്റെ മകളെ വളര്‍ത്തുകയാണ്. പടത്തിന്റെ മൊത്തം കഥക്ക്  ഇതുമായി വലിയ  ബന്ധമൊന്നുമില്ല. അതെല്ലാം വേറെ. മാത്രമല്ല കഥയുടെ സത്യസന്ധതക്കു മകള്‍ സ്വന്തം പുത്രി  തന്നെയയിരിക്കെന്ടെതും അത്യാവശ്യമാണ് . എന്നിട്ടും എന്തിനാണ് ഈ വളഞ്ഞ വഴി? സംവിധായകന്‍ പദ്മകുമാറിന്റെ വിശദീകരണം മോഹന്‍ലാല്‍ എന്ന  നടന്റെ ഇമേജിനനുസരിച്ചുള്ള കതപത്രസ്രിഷ്ടിക്കു വേണ്ടി എന്നാണ് . എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്പ് സൂര്യഗായത്രി എന്ന ചിത്രത്തില്‍ ഇതേ പ്രായത്തിലുള്ള മകന്റെ അച്ഛനായി മോഹന്‍ലാല്‍ വേഷമിട്ടതാണ്. അന്നില്ലാത്ത ഇമേജാണോ ഇന്ന് ? അപ്പോള്‍ ഇത് ചിത്രം സൃഷ്ടിച്ചവരുടെ അനാവശ്യ മുന്‍ വിധിയാണെന്ന്  വ്യക്തം . ഇത്തരം മുന്‍വിധികള്‍ വസ്തവത്തിലും പരുന്തിലും സംവിധായകനെ ചതിച്ചതാണ് . എന്നിട്ടും അനാവശ്യ താരപ്പതക്കങ്ങള്‍ തുന്നിക്കൊണ്ട് ശിക്കരിന്റ്റെ സ്രഷ്ടാക്കള്‍ കഥയുടെ സത്യസന്ധത നശിപ്പിചിരിക്കുകയാണ് . ചിത്രം വിജയത്തിന്റ്റെ കൊടുമുടികള്‍ കീഴടക്കുമ്പോഴും ഇത്തരം അനാവശ്യ  താരപ്പതക്കങ്ങള്‍ ഊരിയെറിയാന്‍  മലയാളസിനിമ വൈകിയിരിക്കുന്നു എന്ന കാര്യം സംവിധയകനടക്കം എല്ലാവരും ഓര്‍ക്കേണ്ടതാണ്.