ഇങ്ങനെയുണ്ടോ ഒരു സെലെക്ഷന്‍
റിയാലിറ്റി ഷോയുടെ വരെ പുതുമ നശിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പാട്ടിനും ഡാന്‍സിനുമൊന്നും പഴയ പോലെ കാണികളില്ല.എസ്.എം.എസ്സും കുറവ്. ഇനിയെന്ത് വേണമെന്നു ചാനല്‍ അധികൃതര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.അപ്പോഴാണ് പുതുമയാര്‍ന്നൊരു പരീക്ഷണവുമായി കൈരളി ടിവിയുടെ വരവ്-സീരിയല്‍ താരങ്ങളുടെ റിയാലിറ്റി ഷോ.
തെക്ക് വടക്ക് നടക്കുന്നവരെ പിടിച്ച് താരങ്ങളാക്കുന്ന പരിപാടി വേണ്ടാ, പകരം ഇതിനോടകം താരങ്ങളായവരുടെ റിയാലിറ്റി ഷോ മതിയെന്ന് ചാനല്‍ അധികൃതരും തീരുമാനിച്ചതോടെ പുതിയ റിയാലിറ്റി ഷോ പിറന്നു. ആശയത്തെ അന്വര്‍ഥമാക്കുന്ന പേരും കിട്ടി-താരോത്സവം. കാള്‍ ഷീറ്റിനായി നിര്‍മാതാക്കള്‍ പുറകേ നടക്കുന്ന താരങ്ങള്‍, സാധാരണ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തുന്ന പുതുമുഖങ്ങളെപ്പോലെ അംഗീകാരം മാത്രം പ്രതീക്ഷിച്ച് മത്സരിക്കാനെത്തുമോ? എന്ന സംശയം അവിടെ നില്‍ക്കട്ടെ. ജൂനിയര്‍-സീനിയര്‍ വ്യത്യാസമില്ലാതെ സീരിയല്‍ താരങ്ങള്‍ കൈ-മെയ് മറന്ന് ആട്ടവും പാട്ടും തുടങ്ങിയതോടെ പരിപാടി കൊഴുത്തു.കൈരളി ടിവിയിലെ നിലവാരമുള്ള ,കാണാന്‍ രസമുള്ളൊരു പരിപാടിയായി താരോത്സവം മാറി.
റോഷന്‍ ആന്‍ഡ്രൂസ്,രേഖ,ജാസി ഗിഫ്റ്റ് എന്നിവരായിരുന്നു ഇതിലെ ആദ്യ വിധികര്‍ത്താക്കള്‍. മത്സരാര്‍ത്ഥിയായി വന്ന ഡിംപിള്‍ എന്ന താരത്തിന്ടെ പ്രകടനം ഇഷ്ടപ്പെട്ട് സംവിധായകന്‍ റോഷന്‍ആന്‍ഡ്രൂസ് കാസിനോവ എന്ന ചിത്രത്തിലേക്ക് ഡിംപിളിനെ തെരഞ്ഞെടുക്കുന്നത് വരെ നല്ല നിലവാരമുള്ള പരിപാടി തന്നെയായിരുന്നു താരോത്സവം.പിന്നെന്തു സംഭവിച്ചു എന്നല്ലേ? പറയാം.
ഒരു സംവിധായകന്‍ താരത്തിന്ടെ പ്രകടനം ഇഷ്ടപ്പെട്ട് ചിത്രത്തിലേക്ക് ക്ഷണിക്കുന്നതില്‍ തെറ്റൊന്നുമില്ല. ആ കാര്യം പരിപാടിയില്‍ തന്നെ പ്രഖ്യാപിക്കുന്നതും ഏറെ സന്തോഷകരമാണ്. പക്ഷേ ഇവിടെ സംഭവിച്ചതതൊന്നുമല്ല. സംഗതി പ്രഖ്യാപിച്ച ശേഷം സംവിധായകന്‍ താരത്തെ വേദിയിലേക്ക് വിളിപ്പിക്കുന്നു. റോഷന്‍ആന്‍ഡ്രൂസിനെപ്പോലെ മികച്ചൊരു സംവിധായകന്ടെ ചിത്രത്തില്‍ സഹകരിക്കാനുള്ള അവസരം ഡിംപിളിനെപ്പോലൊരു സീരിയല്‍ താരം സാധാരണ ഗതിയില്‍ നിരസിക്കില്ലെന്ന് ഉറപ്പാണ്. എന്നിട്ടും ചിത്രത്തിലഭിനയിക്കാന്‍ സമ്മതമാണോ? എന്നായിരുന്നു സംവിധായകന്ടെ ചോദ്യം. മറുപടി പ്രതീക്ഷിച്ചത് തന്നെ. കാര്യങ്ങളിവിടെയും തീര്‍ന്നില്ല. അടുത്തതായി താരത്തിന്ടെ അച്ഛനെ വിളിക്കുന്നു. ചോദ്യമാവര്‍ത്തിക്കുന്നു. അച്ഛനും പൂര്‍ണസമ്മതം. അടുത്തതായി അമ്മ,ചേട്ടന്‍ .....അങ്ങനെയങ്ങനെ സമ്മതം വാങ്ങലെല്ലാം പൂര്‍ത്തിയായപ്പോള്‍ പിന്നെ സംവിധായകന്‍ പ്രതിഫലത്തിലേക്ക് കടന്നു. " ഡിംപിളിന് ഡിമാന്ടൊന്നുമില്ലല്ലോ"? സംവിധായകന്ടെ ചോദ്യവും അത് ചോദിക്കുവാനുണ്ടായ കാരണം വിശദീകരിക്കലും കഴിഞ്ഞപ്പോള്‍ "ഇല്ല" എന്ന സ്വാഭാവികമായ മറുപടി തന്നെ താരം നല്‍കി. ഇതെല്ലം കഴിഞ്ഞപ്പോള്‍ പരിപാടിയുടെ പ്രൊഡ്യൂസറോടും മറ്റും ഡിംപിള്‍ അഭിനയിക്കാനുള്ള അനുവാദം ചോദിക്കുന്ന ചടങ്ങായി. അങ്ങനെ എഗ്രിമേന്ടില്‍ ഒപ്പിടുന്നതൊഴിച്ചുള്ളകാര്യങ്ങളെല്ലാം ലോകം മുഴുവന്‍ സംപ്രേഷണം ചെയ്താണ് പരിപാടി അവസാനിച്ചത്.
പൂര്‍ണമായും ക്യാമറക്ക്പുറകില്‍ നടക്കേണ്ടുന്ന ഇത്തരം കാര്യങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതിലൂടെ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്താണ് ഉദ്ദേശിച്ചത്? ഇത്തരം പ്രഖ്യാപനങ്ങള്‍ വെറും വാഗ്ദാനങ്ങളല്ലെന്ന് തെളിയിക്കുകയോ? അതാണ് ഉദ്ദേശിച്ചതെങ്കില്‍ കാസിനോവ ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ അത് തെളിയുമായിരുന്നു. എന്നിട്ടും ഇത്തരത്തിലൊരു സെലെക്ഷന്‍ മഹാമഹം കാണിച്ചത് തികച്ചും അരോചകമായി. മലയാളിക്ക് മികച്ച മൂന്നു ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ റോഷന്‍ആന്‍ഡ്രൂസ് ഇത്തരത്തിലൊരു 'സെലെക്ഷന്‍ ഷോ' നടത്തേണ്ട ആവശ്യമില്ലായിരുന്നു.മറ്റു മത്സരാര്‍ധികളെയും കാണികളെയും നോക്കുകുത്തികളാക്കികൊണ്ടുള്ള ഈ സെലെക്ഷന്‍ ഷോയെ പൊങ്ങച്ചം എന്ന് തന്നെ വിശേഷിപ്പിക്കെണ്ടിയിരിക്കുന്നു. ഇനി ഡിംപിളിന്ടെ മുഖത്ത് ഫസ്റ്റ് ക്ലാപ്പടിക്കുന്നതും അഭിനയിക്കുന്നതും പ്രതിഫലം വാങ്ങുന്നതും കൂടി കാണിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.
കാസിനോവയുടെ ചിത്രീകരണത്തിനായി റോഷന്‍ആന്‍ഡ്രൂസും ഡിംപിളും പോയതോടെ വിധികര്‍ത്താവായി സംവിധായകന്‍ ബ്ലെസി വന്നു. 11-10-2010ന് സംപ്രേഷണം ചെയ്ത ഭാഗത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടും, അദ്ദേഹം നായകനായി അഭിനയിക്കുന്ന 'ഫീമെയില്‍ ഉണ്ണികൃഷ്ണന്‍' എന്ന ചിത്രത്തിലേക്ക് മഹാലക്ഷ്മി എന്ന താരത്തെ നായികയായി തെരഞ്ഞെടുത്തിരുന്നു. ഏതായാലും അതിനാടകീയമായ ഈ തെരഞ്ഞെടുപ്പുമഹാമഹങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കൈരളി ടിവിയിലെ മികച്ചൊരു റിയാലിറ്റി ഷോ എന്ന വിശേഷണത്തിനും താരോത്സവം യോഗ്യമാണ്.