ഭൂതത്താന്‍ കയറുന്ന മാധ്യമങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഭൂതത്താന്‍ കയറുന്ന മാധ്യമങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

ഭൂതത്താന്‍ കയറുന്ന മാധ്യമങ്ങള്‍

                                    ഭൂതത്താന്‍ കയറുന്ന മാധ്യമങ്ങള്‍
                                      സുഹൃത്തുക്കളെ, ഈ കഥ നടക്കുന്നത് തിരുവനന്തപുരത്തോ തൃക്കാക്കരയിലോ അല്ല. ഇന്ത്യന്‍ മാപ്പില്‍ നെഞ്ഞുവിരിച്ചു നില്‍ക്കുന്ന മുംബൈ, ഡല്‍ഹി, ബംഗ്ലൂര്‍, പൂനൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണ്. സെപ്റ്റംബര്‍ 21നു സുപ്രഭാതം പൊട്ടി വിരിഞ്ഞപ്പോള്‍ കണ്ണും തിരുമ്മി ടൈംസ്‌ ഓഫ് ഇന്ത്യ പത്രം കയ്യിലെടുത്ത ജനങ്ങള്‍ ഞെട്ടിപ്പോയി. അതാ കേള്‍ക്കുന്നു പത്രത്തിനുള്ളില്‍ നിന്നുമൊരശരീരി.
                       കൊഴിപ്പിടയിത് കൂവും കാലം 
                       പത്രത്തിന്നും ഭ്രാന്തു പിടിച്ചോ 
                       കൂടോത്രം പല വഴിയേ വന്നി-
                       ട്ടൊടുവില്‍ പത്രവുമായി ചേര്‍ന്നോ?
ഒരു നിമിഷം മനസ്സില്‍ ഇങ്ങനെ പറഞ്ഞു പോയെങ്കിലും അടുത്ത നിമിഷം ജനങ്ങള്‍ മനസ്സിലാക്കി. ഇത് പത്രത്തിന്‍റെ ഭ്രാന്തല്ല, പരസ്യത്തിന്‍റെ മായയാണ്. വിപണിയില്‍ എന്നും നൂറു കിലോമീറ്റര്‍ മുന്നിലോടുന്ന ഫോക്സ് വാഗനാണ് 
ടൈംസ്‌ ഓഫ് ഇന്ത്യയില്‍ ഈ മായ കാണിച്ചിരിക്കുന്നത്.  കണ്ണുതള്ളിപ്പോയ മുംബൈയിലെ നാണിസിംഗ് ഉടനടി ഡല്‍ഹിക്കാരി തങ്കമ്മ ചൌധരിയോട് വിളിച്ചു പറഞ്ഞു "എടിയേ, ഞ്ഞങ്ങള വീടിലെ പത്രത്തില് റേഡിയോ ഫിറ്റ്‌ ചെയ്തെട്യെ".  തങ്കമ്മ ചൌധരി ഉടന്‍ റിപ്ലെ ഫോര്‍വേഡ് ചെയ്തു. "ഇങ്ങള വീടില് മാത്രല്ലട്യെ, ഞ്ഞങ്ങള വീട്ടിലൂണ്ട്".
                      കത്തിപ്പടര്‍ന്നാ വാര്‍ത്തയപ്പോള്‍
                      കോരിത്തരിച്ചൂ ജനങ്ങളെല്ലാം
                      ഈരെഴുലകവും പതഞ്ഞുപോങ്ങി 
                      കേരളക്കരയിലും വാര്‍ത്തയെത്തി 
സംസാരിക്കുന്ന പത്രം അത്ഭുതമായി. വേറെ പണിയൊന്നുമില്ലാത്ത ചില പൌരപ്രമുഖന്മാര്‍ അതുകണ്ട് ചോദിച്ചു. ആരാണ്? ആരാണ് ഇതിനു പിന്നില്‍? അന്വേഷണം ഉത്തരം കൊണ്ടുവന്നു. ഭാസ്കര്‍ ദാസ്. പരസ്യതന്ത്രത്തിലെ പാഠ  ങ്ങളെല്ലാം കമ്പോടു കമ്പ് ഹൃദിസ്ഥമാക്കിയ ടൈംസിന്‍റെപരസ്യ വിഭാഗം  തലവന്‍ ഭാസ്കര്‍ ദാസാണ് പരസ്യ ചരിത്രത്തിലെ ഈ പുതിയ   പാഠം പഠിപ്പിച്ചിരിക്കുന്നത്.
                    മിണ്ടുന്ന ചിപ്പിനെ
                    പത്രതിലൊട്ടിച്ച
                    പരസ്യ ഭാവനേ
                    അഭിനന്ദനം നനക്കഭിനന്ദനം
                    അഭിനന്ദനം.......
മാലോകര്‍ മുഴുവന്‍ ആ മഹാനെ വാഴ്ത്തി. പക്ഷേ വെള്ളം കണ്ടിട്ടില്ലാത്ത ചില താടി-മുടി-ജുബ്ബ ധാരികള്‍ അടക്കം പറഞ്ഞു. മിണ്ടുന്ന പത്രമോ?പിന്നെന്തിനാണ് റേഡിയോ? പിന്നെന്തിനാണ് അക്ഷരങ്ങള്‍? എഴുതുന്നത്‌ വായിക്കാനല്ല കേള്‍ക്കാനാണെങ്കില്‍ പിന്നെന്തിനാണ് പത്രം?
                   അമ്മയെ തല്ലിയാല്‍ ന്യായം പറയുന്ന
                   നാട്ടിലിതും തര്‍ക്കവിഷയമായി
                   ചേരികള്‍ രണ്ടും അണിനിരന്നു
                   കാര്യം പരക്കെ ചര്‍ച്ചയായി
സംസാരിക്കുന്ന പത്രം ബഹുരസം തന്നെ. അത് കണ്ടെത്തിയ തലയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പക്ഷേ മാധ്യമവ്യതിചലനം എന്നൊന്ന് ഇവിടെ സംഭാവിക്കുന്നില്ലേ? അതായത് പത്രം സംസാരിക്കുകയും ഇനി ഭാവിയില്‍ റേഡിയോ ചിത്രം കാണിക്കുകയും ചെയ്‌താല്‍ ഈ മാധ്യമങ്ങളുടെ ആസ്തിത്വം നഷ്ടപ്പെടില്ലേ? 
                                       ഈ പരീക്ഷണം കത്തിപ്പിടിക്കുമെന്നുറപ്പാണ്.  നാളെയൊരു പുലരിയില്‍ വായനക്കാരനോട് കിന്നാരം പറഞ്ഞുകൊണ്ട് ഒരു മലയാളപത്രവും നമ്മുടെ പൂമുഖത്തേക്ക്‌ കയറി വരാം. പക്ഷേ ചെവിയിലൂടെ കാണുകയും കണ്ണിലൂടെ കേള്‍ക്കുകയും കയ്യിലൂടെ വായിക്കുകയും ചെയ്യുന്നത് നല്ലതാണോ? ഏതായാലും ജനങ്ങളെ ആകര്‍ഷിക്കുന്ന പുതുമ എന്നതിനപ്പുറം ടൈംസ്‌ ഓഫ് ഇന്ത്യയും ഫോക്സ് വാഗനും ഈ വിധത്തിലൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല  എന്ന  കാര്യം ഉറപ്പാണ്‌. ജനപ്രിയമായതെന്തിനെയും വിമര്‍ശിക്കുക എന്ന രീതിയും ശരിയല്ല. അപ്പോള്‍ സഹൃദയരേ, ഈ അവസരത്തില്‍ പറയാനുള്ളതിത്ര മാത്രം.
                          നാടകമുലകം ജീവിതം നടനം 
                          കാഴ്ച്ചകളിങ്ങനെയെത്ര കിടപ്പൂ 
                          നല്ലതു മാത്രം കൊള്ളുക നമ്മള്‍ 
                          നന്മകള്‍ മാത്രം ഉള്ളില്‍ നിറക്കുക